മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വോട്ടവകാശവും ഭരണഘടനാ സംവിധാനങ്ങളും ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുമ്പ് നടത്തിയ പ്രസംഗങ്ങളിലെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
അടുത്ത അൻപത് വർഷം ബി.ജെ.പി രാജ്യത്ത് അധികാരത്തിൽ തുടരുമെന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു രാഷ്ട്രീയ നേതാവിനും സാധാരണ സാഹചര്യത്തിൽ നടത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഗുരുതരമായി ബാധിക്കപ്പെട്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രതയെക്കുറിച്ചും കൂടുതൽ ചർച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.
