അധികാരം പിടിക്കാൻ ബംഗാളിൽ ബിജെപി ഇറക്കിയത് കോടികൾ; തിരഞ്ഞെടുപ്പ് ചെലവ് 286 കോടി കടന്നു

പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ചെലവുകണക്കുകൾ പുറത്തുവന്നു. രേഖകൾ പ്രകാരം പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മാത്രം ബിജെപി 286.99 കോടി രൂപ ചെലവഴിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി ആകെ 529.38 കോടി രൂപയാണ് വിനിയോഗിച്ചത്. ഇതിൽ പകുതിയിലേറെയും പശ്ചിമ ബംഗാളിലെ പ്രചാരണത്തിനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബംഗാളിൽ പൊതുപ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാർഥികൾക്കായി 69.38 കോടി രൂപയും ചെലവഴിച്ചു.

അതേസമയം, പശ്ചിമ ബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി കോൺഗ്രസ് ആകെ 248.55 കോടി രൂപയാണ് ചെലവഴിച്ചത്.

കേരളത്തിൽ കോൺഗ്രസ് 105.34 കോടി രൂപ ചെലവഴിച്ചപ്പോൾ ബിജെപിയുടെ ചെലവ് 82.67 കോടി രൂപയായിരുന്നു. കോൺഗ്രസിന്റെ ചെലവിൽ 71.30 കോടി രൂപ പൊതുപ്രചാരണത്തിനും 34.05 കോടി രൂപ സ്ഥാനാർഥികൾക്കും മറ്റ് തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുമായി വിനിയോഗിച്ചു. ബിജെപി 54.93 കോടി രൂപ പ്രചാരണത്തിനും 27.74 കോടി രൂപ സ്ഥാനാർഥികൾക്കുമായി ചെലവഴിച്ചതായും രേഖകളിൽ പറയുന്നു.

കേരളത്തിൽ സിപിഎം 28.60 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് കാലയളവിലെ പാർട്ടി ഫണ്ടുകളിലും ശ്രദ്ധേയമായ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 6,722.6 കോടി രൂപയുണ്ടായിരുന്ന ബിജെപിയുടെ കേന്ദ്ര ഓഫീസ് ഫണ്ട് തിരഞ്ഞെടുപ്പിന് ശേഷം 7,627.2 കോടി രൂപയായി വർധിച്ചു. അതേസമയം കോൺഗ്രസിന്റെ കേന്ദ്ര ആസ്ഥാനത്തെയും അഞ്ച് സംസ്ഥാനങ്ങളിലെയും ആകെ ശേഷിപ്പുതുക ഏകദേശം 169.06 കോടി രൂപയിൽ നിന്ന് 103.2 കോടി രൂപയായി കുറഞ്ഞതായും രേഖകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക