5GHz വരെ വേഗത; പുതിയ സ്നാപ്ഡ്രാഗൺ ചിപ്പുകളുമായി ക്വാൽ‌കോം

പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പ്രകടനശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ ചിപ്പുകൾ അവതരിപ്പിച്ച് ക്വാൽ‌കോം. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 എന്നീ മൊബൈൽ പ്ലാറ്റ്‌ഫോമുകളാണ് കമ്പനി അവതരിപ്പിച്ചത്. യുഎസിൽ നടന്ന സ്നാപ്ഡ്രാഗൺ ഉച്ചകോടിയിലാണ് പുതിയ ചിപ്പുകളുടെ പ്രഖ്യാപനം.

മികച്ച പ്രകടനത്തിനൊപ്പം ഓൺ-ഡിവൈസ് എഐ ശേഷിയും മെച്ചപ്പെടുത്തുന്ന തരത്തിലാണ് പുതിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ക്വാൽ‌കോം വ്യക്തമാക്കി. ദൈനംദിന ജോലികൾ നിർവഹിക്കാൻ കഴിയുന്ന എഐ ഏജന്റുകളെ സ്മാർട്ട്‌ഫോണുകളിൽ പ്രവർത്തിപ്പിക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്.

രണ്ട് ചിപ്പുകളിലും ക്വാൽ‌കോമിന്റെ കസ്റ്റം ഒറിയോൺ സിപിയു, അഡ്രിനോ ജിപിയു, ഹെക്സാഗൺ എൻപിയു എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2nm പ്രോസസറിലാണ് ചിപ്പുകൾ നിർമിച്ചിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6

പുതിയ ചിപ്പുകളിൽ കൂടുതൽ ശക്തമായ പതിപ്പാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6. ഗെയിമിങ്, എഐ, ക്യാമറ എന്നിവയ്ക്കായി നിരവധി നവീകരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഡ്രിനോ ന്യൂറൽ ഫ്യൂഷൻ എഐ സാങ്കേതികവിദ്യയും ചിപ്പിലുണ്ട്.

അഡ്വാൻസ്ഡ് പ്രൊഫഷണൽ വീഡിയോ, ഇന്റലിജന്റ് പിക്സൽ കൺട്രോൾ തുടങ്ങിയ ക്യാമറ സവിശേഷതകൾക്കും ചിപ്പ് പിന്തുണ നൽകും. സിപിയുവിന് 5.0GHz വരെ വേഗത കൈവരിക്കാൻ കഴിയുമെന്ന് ക്വാൽ‌കോം അറിയിച്ചു.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6

എസ്ട്രീം ജെൻ 6-ന് സമാനമായി 2nm പ്രോസസർ, ഒറിയോൺ സിപിയു, അഡ്രിനോ ജിപിയു, ഹെക്സാഗൺ എൻപിയു എന്നിവയാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6-ലും ഉപയോഗിച്ചിരിക്കുന്നത്.

എസ്ട്രീം പതിപ്പിനേക്കാൾ പ്രകടനശേഷിയിൽ താഴെയാണെങ്കിലും, എഐ, ഗെയിമിങ്, ക്യാമറ, കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ കൂടുതൽ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലേക്ക് എത്തിക്കാൻ പുതിയ ചിപ്പിന് സാധിക്കുമെന്നാണ് ക്വാൽ‌കോമിന്റെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക