ഒരു ദശാബ്ദത്തിനിടെ ആദ്യം; ഇന്ത്യയിലെ എൽപിജി ഉപയോക്താക്കൾ കുറഞ്ഞു

ഒരു ദശാബ്ദത്തിനിടെ ആദ്യമായി രാജ്യത്തെ സജീവ ഗാർഹിക എൽപിജി കണക്ഷനുകളുടെ എണ്ണത്തിൽ ഇടിവ്. ഏപ്രിൽ മുതൽ സെപ്റ്റംബർ ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 62 ലക്ഷം കണക്ഷനുകളാണ് കുറഞ്ഞത്. ഏപ്രിലിൽ 33.39 കോടിയായിരുന്ന സജീവ കണക്ഷനുകൾ സെപ്റ്റംബർ ഒന്നോടെ 32.77 കോടിയായി കുറഞ്ഞതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) കണക്കുകൾ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള എൽപിജി വിതരണത്തിലുണ്ടായ തടസ്സവും പുതിയ കണക്ഷനുകൾ നൽകുന്നതിലെ നിയന്ത്രണങ്ങളും ഇടിവിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ എൽപിജി ഇറക്കുമതി വിതരണ ശൃംഖലയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരത്തെ വലിയ പങ്കുണ്ടായിരുന്നെങ്കിലും, പ്രതിസന്ധിക്ക് പിന്നാലെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിച്ചിട്ടുണ്ട്.

ഇതിനൊപ്പം ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന ശക്തമാക്കിയതും സജീവ കണക്ഷനുകളുടെ എണ്ണത്തെ ബാധിച്ചു. ഉപയോഗിക്കാത്തതും ഒരേ കുടുംബത്തിലെ ഒന്നിലധികം കണക്ഷനുകളും അർഹതയില്ലാത്ത കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കുന്നതിനാണ് പരിശോധന. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ലഭ്യമായ മേഖലകളിൽ എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.

എൽപിജി കണക്ഷനുകളുടെ എണ്ണത്തിലെ ഇടിവിനൊപ്പം ഉപഭോഗത്തിലും കുറവുണ്ടായി. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ രാജ്യത്തെ എൽപിജി ഉപഭോഗം മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞതായി PPAC കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള കണക്ഷനുകൾ 10.57 കോടിയിലധികമാണ്.

മറുപടി രേഖപ്പെടുത്തുക