മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കിടയിൽ ആശങ്ക. താനെയിലെ നിദാൻ സെന്റർ ഫോർ എൽഡർലി കെയറിൽ ചികിത്സയിലായിരുന്ന കാംബ്ലിയുടെ സംസാരിക്കുന്ന വീഡിയോയാണ് സെപ്റ്റംബർ 25ന് പുറത്തുവന്നത്. വീഡിയോയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നതും അവ്യക്തമായി സംസാരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയർന്നത്.
“ഞാൻ ഇപ്പോൾ ചികിത്സയിലാണ്. ഇവിടുത്തെ സൗകര്യങ്ങൾ മികച്ചതാണ്. ലഭിക്കുന്ന സ്നേഹവും ബഹുമാനവും കാരണം വീട്ടിൽനിന്ന് അകലെയാണെന്ന് തോന്നുന്നില്ല,” എന്നായിരുന്നു കാംബ്ലിയുടെ പ്രതികരണം.
കാംബ്ലി കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. 2024 അവസാനത്തോടെ മൂത്രാശയ അണുബാധ, പേശികളുടെ ബലഹീനത, തലച്ചോറിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ഓർമ്മക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാംബ്ലി നിലവിൽ വീട്ടിലാണെന്ന് നിദാൻ സെന്റർ സ്ഥാപകൻ മഹേഷ് നായക് വ്യക്തമാക്കി. അഞ്ച്–ആറ് മാസത്തോളം കാംബ്ലി സെന്ററിൽ കഴിഞ്ഞിരുന്നതായും ഫിസിയോതെറാപ്പിയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ സഹായം തുടർന്നും നൽകുമെന്നും കാംബ്ലിക്ക് ആവശ്യമെങ്കിൽ സെന്ററിലേക്ക് മടങ്ങിയെത്താമെന്നും മഹേഷ് നായക് വ്യക്തമാക്കി.
പരസഹായമില്ലാതെ നടക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ കാംബ്ലി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
