അമിത് ഷായെ കരിങ്കൊടി കാണിച്ച പോസ്റ്റ് പങ്കുവെച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിൽ: മന്ത്രി ഒ.ജെ. ജനീഷ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് അത് മന്ത്രിയുടെ പേരിലാണ് പ്രചരിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് ജനീഷ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

വീഡിയോ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കണമെന്ന് തന്റെ ഓഫീസ് നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും ജനീഷ് വിശദീകരിച്ചു.

അതേസമയം, കൊല്ലത്ത് അമിത് ഷായെ കരിങ്കൊടി കാണിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയത് കെ.സി. വേണുഗോപാൽ പക്ഷവുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലാണെന്ന റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രിക്കും മുൻകൂട്ടി വിവരം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായും മന്ത്രി ഒ.ജെ. ജനീഷിനെ ശാസിക്കുകയും ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അമിത് ഷായ്ക്കെതിരായ പ്രതിഷേധവും വീഡിയോ പിൻവലിച്ചതും സംബന്ധിച്ച വ്യത്യസ്ത വിശദീകരണങ്ങൾ കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക