സ്ഥിതിവിവരക്കണക്കുകൾക്ക് വേണ്ടി കളിക്കുന്നത് അധികകാലം നിലനിൽക്കില്ല: കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ റെക്കോർഡുകളല്ല, ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള ആഗ്രഹമാണ് തന്റെ കരിയറിലെ പ്രധാന പ്രചോദനമെന്ന് കോഹ്‌ലി വ്യക്തമാക്കി.

ബിസിസിഐ ടിവിയോട് സംസാരിക്കവെയാണ് കോഹ്‌ലി തന്റെ സമീപനം വിശദീകരിച്ചത്. “സംഖ്യകളുടെ കാര്യത്തിൽ ഇത് വലിയൊരു നാഴികക്കല്ലാണ്. പക്ഷേ എന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും വ്യത്യസ്ത വെല്ലുവിളികളിലും ടീമിനെ വിജയിപ്പിക്കുകയാണ് എന്റെ ശ്രമം. വർഷങ്ങളായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്,” കോഹ്‌ലി പറഞ്ഞു.

സ്ഥിതിവിവരക്കണക്കുകൾ മാത്രം ലക്ഷ്യമിട്ട് ഒരു താരത്തിന് ദീർഘകാലം ഉയർന്ന നിലവാരത്തിൽ കളിക്കാനാകില്ലെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. ടീമിന്റെ വിജയത്തിനായി കളിക്കുമ്പോഴാണ് ഒരു താരത്തിന് കരിയറിൽ ഇത്രയും കാലം തുടരാനാകുകയെന്നും അദ്ദേഹം പറഞ്ഞു.

“ടീമിനെ വിജയിപ്പിക്കണമെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത്രയും കാലം കളിക്കാൻ കഴിയൂ. സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഇത്രയും കാലം കളിക്കാനാകില്ല. അങ്ങനെ ചെയ്താൽ പ്രധാന ലക്ഷ്യത്തിന് തിരിച്ചടിയാകും. ടീമിന്റെ വിജയത്തിന്റെ പാതയിൽ ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കാൻ കഴിഞ്ഞത് ഏറെ സവിശേഷമാണ്,” കോഹ്‌ലി വ്യക്തമാക്കി.

കോഹ്‌ലിയെ ഏറെ ആരാധിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഈ ചരിത്രനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കോഹ്‌ലി 15,000 ഏകദിന റൺസ് പൂർത്തിയാക്കിയ വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗിൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക