16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ കേസിൽ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇസ്ലാമിക വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന വാദം ഉന്നയിച്ചാലും, 18 വയസ്സിന് താഴെയുള്ള കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന് പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) വ്യവസ്ഥകളിൽ നിന്ന് ഇളവ് ലഭിക്കില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി.
വിവാഹിതയായ പെൺകുട്ടി 8 മാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ മെയ് മാസത്തിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ 2024 ഡിസംബറിൽ ഏകദേശം 28 വയസ്സുള്ളയാളെ വിവാഹം കഴിച്ചതാണെന്നും വിവാഹവും ദാമ്പത്യബന്ധവും പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും ദമ്പതികൾ വാദിച്ചു. ഇസ്ലാമിക വ്യക്തിനിയമപ്രകാരം വിവാഹത്തിന് നിയമസാധുതയുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, വിവാഹത്തിന്റെ സിവിൽ സാധുത വ്യക്തിനിയമത്തിന് നിർണയിക്കാനാകുമെങ്കിലും, പാർലമെന്റ് പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലാത്ത ക്രിമിനൽ നിയമങ്ങളിൽ നിന്ന് ഇളവ് നൽകാൻ വ്യക്തിനിയമത്തിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പോക്സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള വ്യക്തി ‘കുട്ടി’യാണ്. കുട്ടിയുടെ സമ്മതം ലൈംഗിക പ്രവൃത്തിയെ കുറ്റകരമല്ലാതാക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
18 വയസ്സിന് താഴെയുള്ള സ്ത്രീയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബിഎൻഎസ് സെക്ഷൻ 63 പ്രകാരം ബലാത്സംഗമായി നിർവചിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ ദമ്പതികളുടെ ദുഃഖത്തിൽ കോടതി സഹതാപം രേഖപ്പെടുത്തിയെങ്കിലും, അത് നേരത്തെ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തെ നിയമവിരുദ്ധമാക്കില്ലെന്നും വ്യക്തമാക്കി.
