ഏഷ്യൻ ഗെയിംസിന്റെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാൻ. മഴയെ തുടർന്ന് 13 ഓവറാക്കി ചുരുക്കിയ സെമിഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 13 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 11.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു. കനത്ത മഴയെ തുടർന്ന് ടോസും മത്സരാരംഭവും വൈകിയിരുന്നു. മൈതാനം ചതുപ്പായതോടെയാണ് മത്സരം 13 ഓവർ വീതമാക്കി ചുരുക്കിയത്. പിച്ചിലെ വിള്ളലുകൾ സ്പിന്നർമാർക്ക് മികച്ച പിന്തുണയും നൽകി.
ബംഗ്ലാദേശിന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. തൻജീദ് ഹസൻ ഏഴ് റൺസിനും ക്യാപ്റ്റൻ ലിറ്റൺ ദാസ് രണ്ട് റൺസിനും പർവേസ് ഹൊസൈൻ എമോൺ ഒരു റൺസിനും പുറത്തായി. സെയ്ഫ് ഹസൻ 19 റൺസ് നേടി. 45 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തിൽ തൗഹിദ് ഹ്രിഡോയ് നടത്തിയ ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിനെ 100 കടത്തിയത്. 25 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 42 റൺസാണ് ഹ്രിഡോയ് നേടിയത്.
പാകിസ്ഥാൻ ബൗളർമാരിൽ സുഫ്യാൻ മൊകീം മൂന്ന് വിക്കറ്റും അറാഫത്ത് മിൻഹാസ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിലും പാകിസ്ഥാന് തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ബാറ്റർമാർ മത്സരം നിയന്ത്രണത്തിലാക്കി. രണ്ടാം ഓവറിൽ മെഹെദി ഹസൻ സാഹിബ്സാദ ഫർഹാനെ പുറത്താക്കി.
മാസ് സദാഖത്ത് 15, ഉസ്മാൻ ഖാൻ 14, സയീം അയൂബ് 21 എന്നിവർ ചേർന്ന് സ്കോർ മുന്നോട്ടുനയിച്ചു. അബ്ദുൾ സമദ് 15 പന്തിൽ 30 റൺസും ഹസൻ നവാസ് 22 പന്തിൽ 27 റൺസും നേടി പുറത്താകാതെ നിന്നു. 12-ാം ഓവറിൽ ഫോറിലൂടെ നവാസ് പാകിസ്ഥാന്റെ വിജയം ഉറപ്പിച്ചു.
ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2010ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പാകിസ്ഥാന് ഇത്തവണ സ്വർണത്തിനായി പോരാടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
