തിരുവനന്തപുരം കേരള സർവകലാശാല ഹോസ്റ്റലിലുണ്ടായ പൊലീസ് നടപടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലുമുള്ള പ്രതികരണവുമായി കെ. രാജൻ. വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവർക്ക് പങ്കുണ്ടെന്നും ഇരുവരെയും മാറ്റിനിർത്തണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തണമെന്നും കെ. രാജൻ പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ തയ്യാറായില്ലെങ്കിൽ അടുത്ത നിയമസഭാ സമ്മേളനം അത്ര എളുപ്പത്തിൽ സുഗമമായി നടത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മാർച്ചിനിടെയാണ് വ്യാപക അക്രമം നടന്നതെന്നാണ് ആരോപണം. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോൾ പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിനകത്തേക്ക് എറിഞ്ഞതായി ആരോപണമുണ്ട്.
ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിനകത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി . എസ്.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും കൊടിമരങ്ങളും തോരണങ്ങളും പ്രവർത്തകർ വലിച്ചുകീറി ഭീതി സൃഷ്ടിച്ചു.
