അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വൻ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 9 സാധാരണക്കാർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ സർക്കാർ അറിയിച്ചു. 11 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.

കിഴക്കൻ കുനാർ, തെക്കൻ ഹെൽമണ്ട് പ്രവിശ്യകളിലാണ് ആക്രമണം നടന്നതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ആക്രമണത്തെ “ആക്രമണാത്മകമായ പ്രവൃത്തിയും അംഗീകൃത തത്വങ്ങളുടെ ലംഘനവും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം, ആക്രമണത്തിൽ 22 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും തീവ്രവാദ ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നാണ് പാകിസ്ഥാനെതിരായ ഭീഷണി ഉയരുന്നതെന്നും അതിനാൽ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സൈനിക നടപടി നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നതായി ഇസ്ലാമാബാദ് നേരത്തെയും ആരോപിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ അഫ്ഗാൻ മണ്ണിലെ ലക്ഷ്യങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. കഴിഞ്ഞയാഴ്ച കാണ്ഡഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ ആരോപിച്ചിരുന്നു.

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഒരു പൊലീസ് കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായത്. ആക്രമണത്തിന് പിന്നിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ആണെന്നാണ് പാകിസ്ഥാൻ പ്രവിശ്യാ പൊലീസ് ആരോപിച്ചത്.

അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കാനും അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനും ടിടിപിക്ക് താലിബാൻ സർക്കാർ സൗകര്യമൊരുക്കുന്നുവെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം. ടിടിപി അഫ്ഗാൻ താലിബാനിൽ നിന്ന് വ്യത്യസ്തമായ സംഘടനയാണെങ്കിലും ഇരുകൂട്ടർക്കും ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, ടിടിപിക്ക് സുരക്ഷിത താവളം നൽകുന്നുവെന്ന ആരോപണം കാബൂൾ നിഷേധിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക