ഫ്ലൈദുബായ് വിമാനത്തിലെ സംഭവം; തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാൻ യുഎഇ അന്വേഷണ സംഘം

സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്ന ഫ്ലൈദുബായ് വിമാനം FZ1073-ൽ നടന്ന സംഭവത്തിൽ തീവ്രവാദ പ്രവർത്തനവുമായോ മുൻകൂട്ടിയുള്ള ഉദ്ദേശ്യവുമായോ ബന്ധമുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി അന്വേഷണ സംഘത്തിന് രൂപം നൽകാൻ ഉത്തരവിട്ടു.

പബ്ലിക് പ്രോസിക്യൂഷനിലെ പ്രത്യേക അംഗങ്ങൾ ഉൾപ്പെടുന്ന സംഘം സംഭവത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും വിശദമായി പരിശോധിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ നിർദ്ദേശമോ ഉണ്ടായിരുന്നോയെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

യുഎഇയിൽ രജിസ്റ്റർ ചെയ്തതും യുഎഇയുടെ പതാക വഹിക്കുന്നതുമായ വിമാനമായതിനാൽ, ബാധകമായ നിയമപ്രകാരം സംഭവത്തിൽ യുഎഇയിലെ ജുഡീഷ്യൽ അധികാരികൾക്ക് അന്വേഷണ അധികാരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയ്ക്ക് പുറത്തുവച്ച് സംഭവം നടന്നാലും വിമാനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇ നിയമം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

സംഭവം കൈകാര്യം ചെയ്ത സൗദി അറേബ്യൻ അധികൃതരെ യുഎഇ അഭിനന്ദിച്ചു. അന്വേഷണം പൂർത്തിയാക്കി ഔദ്യോഗിക കണ്ടെത്തലുകൾ പുറത്തുവരുന്നതുവരെ സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളിൽ സഹപൈലറ്റ് ആക്രമണം നടത്തിയതായും, ആക്രമണം തടയാൻ ശ്രമിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി.

സംഭവത്തിനിടെ ഏകദേശം 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം വേഗത്തിൽ താഴ്ന്ന് ഏകദേശം 15,600 അടി ഉയരത്തിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ക്യാപ്റ്റൻ മച്ചാർ സഹപൈലറ്റിനെ ചെറുത്തുനിൽക്കുകയും യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സഹായത്തോടെ ഇയാളെ നിയന്ത്രണവിധേയനാക്കാൻ കോക്പിറ്റ് വാതിൽ തുറന്നുകൊടുക്കുകയും ചെയ്തതായാണ് വിവരം.

അതേസമയം, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ദുബായിലെത്തി ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ കുടുംബത്തെ സന്ദർശിച്ചു. ക്യാപ്റ്റന്റെ ക്ഷേമത്തിനായി ഇന്ത്യൻ സർക്കാരിന്റെ പൂർണ പിന്തുണയും സഹായവും ഉറപ്പുനൽകിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക