കൊബാൾട്ട് മുതൽ അപൂർവ ഭൂമി മൂലകങ്ങൾ വരെ; ആൻഡമാൻ കടലിലെ രണ്ട് ബ്ലോക്കുകൾ കേന്ദ്രസർക്കാർ ലേലത്തിന് വെക്കുന്നു

വൈദ്യുത വാഹനങ്ങൾ, ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ, നൂതന ഉൽപ്പാദന മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആൻഡമാൻ കടലിലെ രണ്ട് ഓഫ്‌ഷോർ ധാതു ബ്ലോക്കുകളുടെ ലേലം സർക്കാർ ആരംഭിച്ചു.

കൊബാൾട്ട്, നിക്കൽ, മാംഗനീസ്, ചെമ്പ്, അപൂർവ ഭൂമി മൂലകങ്ങൾ തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ നിക്ഷേപം ലക്ഷ്യമിട്ടാണ് ലേലം. സെവെൽ റൈസ്-01, വെസ്റ്റ് സെവെൽ റിഡ്ജ്-01 എന്നീ ബ്ലോക്കുകളുടെ കമ്പോസിറ്റ് ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ലേല നടപടികൾ ഖനി മന്ത്രാലയം സെക്രട്ടറി കേശവ് ചന്ദ്ര വ്യാഴാഴ്ച വെർച്വലായി ആരംഭിച്ചു.

ആകെ 1,632 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ് രണ്ട് ബ്ലോക്കുകളും. പോളിമെറ്റാലിക് നോഡ്യൂളുകളും ക്രസ്റ്റുകളും ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ നിരവധി തന്ത്രപ്രധാന ധാതുക്കളുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ.

സെവെൽ റൈസ്-01, സെവെൽ റൈസിന്റെ തെക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് സെവെൽ റിഡ്ജ്-01 ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നിന്ന് അകലെയാണ്. പരമ്പരാഗത കരനിക്ഷേപങ്ങൾക്ക് പുറമെ കടലിലെ ധാതുസമ്പത്തും രാജ്യത്തിന്റെ പര്യവേക്ഷണ പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ബാറ്ററികൾ, പുനരുപയോഗ ഊർജ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, മറ്റ് ഹൈടെക് വ്യവസായങ്ങൾ എന്നിവയുടെ വളർച്ചയ്ക്കൊപ്പം നിർണായക ധാതുക്കളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ധാതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി ആഭ്യന്തര വിഭവശേഷി വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നവംബർ 4ന് പ്രീ-ബിഡ് കോൺഫറൻസ് നടക്കും. ലേലവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്. ഓഫ്‌ഷോർ ധാതു വിഭവങ്ങളുടെ പര്യവേക്ഷണവും വികസനവും രാജ്യത്തിന്റെ ദീർഘകാല നിർണായക ധാതു തന്ത്രത്തിൽ പ്രധാന ഘടകമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക