മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. പമ്പയിലേക്കുള്ള സർവീസുകൾക്കായി 300 സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാനാണ് തീരുമാനം. ഇതിനായി ലഭിച്ച ഇ-ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്.
കിലോമീറ്ററിന് കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകൾക്കായിരിക്കും ടെൻഡർ നൽകുക. കേരളത്തിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്നായി ഈ ബസുകൾ സർവീസ് നടത്തും. മണ്ഡല-മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സി ആദ്യമായാണ് സ്വകാര്യബസുകളെ സർവീസിനായി ഉപയോഗിക്കുന്നത്.
ഡ്രൈവർ സഹിതം ബസ് നൽകാൻ താൽപര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ളതുമായ വാഹനങ്ങളെയാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി നിശ്ചയിച്ച നിരക്ക് തന്നെയായിരിക്കും വാടകയ്ക്കെടുക്കുന്ന സ്വകാര്യബസുകളിലും യാത്രക്കാരിൽനിന്ന് ഈടാക്കുക. എന്നാൽ വാടക, കരാർ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയ ശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
തീർഥാടന സീസണിൽ പമ്പയിലേക്ക് പ്രധാനമായും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളായിരിക്കും നടത്തുക. എന്നാൽ സ്വകാര്യബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഉണ്ടാകില്ല. നിലവിൽ പമ്പയിലേക്ക് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളും തീർഥാടനകാലത്ത് ഒഴിവാക്കിയേക്കും.
മുൻ വർഷങ്ങളിൽ ശബരിമല സീസണിലെ അധിക സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങിയിരുന്നു. തീർഥാടനകാലത്തെ പമ്പ സർവീസുകൾ പൂർത്തിയായ ശേഷം ഈ ബസുകൾ ആവശ്യമായ ഡിപ്പോകൾക്ക് കൈമാറുകയായിരുന്നു.
ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഉയരുന്നുണ്ടെങ്കിലും ആവശ്യത്തിന് ബസുകളില്ലാത്തത് വലിയ വെല്ലുവിളിയാണ്. നിലവിലുള്ള ബസുകളിൽ ഭൂരിഭാഗത്തിനും 16 വർഷത്തിലേറെ പഴക്കമുണ്ട്. 15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നയം നിലവിലുണ്ടെങ്കിലും ബസുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി 20 വർഷമാക്കി നീട്ടിയിട്ടുണ്ട്.
പുതിയ ബസുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക പരിമിതിയാണ് ഇത്തവണ സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാനുള്ള പ്രധാന കാരണം. മണ്ഡല-മകരവിളക്ക് കാലത്ത് പമ്പയിലേക്കുള്ള അധിക സർവീസുകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.
