പാകിസ്ഥാൻ സൈന്യത്തിന് യുഎസ് ഡ്രോൺ കരാർ; പ്രാരംഭ ഓർഡറും നൽകി

പാകിസ്ഥാൻ സൈന്യവും യുഎസ് ആസ്ഥാനമായ പ്രതിരോധ സാങ്കേതിക കമ്പനിയായ പവറസും തമ്മിൽ ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 16ന് റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ പവറസ് സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്ഥാൻ ചീഫ് ഓഫ് ആർമി സ്റ്റാഫും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സുമായ ഫീൽഡ് മാർഷൽ സയിദ് അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

പവറസ് സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ച് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചതനുസരിച്ച്, ധാരണാപത്രത്തിനൊപ്പം ആളില്ലാ ആകാശ സംവിധാനങ്ങളുമായി (UAS) ബന്ധപ്പെട്ട പ്രാരംഭ ഓർഡറും ലഭിച്ചിട്ടുണ്ട്. എന്നാൽ ഓർഡറിന്റെ മൂല്യമോ കൃത്യമായ സാങ്കേതിക വിശദാംശങ്ങളോ സുരക്ഷാ കാരണങ്ങളും രഹസ്യസ്വഭാവവും ചൂണ്ടിക്കാട്ടി കമ്പനി പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന് ആളില്ലാ ആകാശ സംവിധാനങ്ങളും അനുബന്ധ പിന്തുണയും ഉൾപ്പെടുന്ന പരിമിതമായ സംഭരണ ഓർഡർ ലഭിച്ചതായി പവറസും ഔദ്യോഗികമായി അറിയിച്ചു.

അതേസമയം, സെപ്റ്റംബർ 16ന് നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ സാങ്കേതികവിദ്യയിലെ പുതിയ പ്രവണതകൾ, പ്രതിരോധ സംഭരണം, ഉൽപ്പാദനം, ശേഷിവികസനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആർ അറിയിച്ചു. എന്നാൽ ധാരണാപത്രത്തെക്കുറിച്ചോ പ്രാരംഭ ഓർഡറിനെക്കുറിച്ചോ ഐഎസ്പിആറിന്റെ പ്രസ്താവനയിൽ പരാമർശമുണ്ടായിരുന്നില്ല.

യുഎസ്-പാകിസ്ഥാൻ പ്രതിരോധ ബന്ധത്തിൽ പുതിയ നീക്കം

വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള പ്രതിരോധ, സാങ്കേതിക സഹകരണം ശക്തമാകുന്നതിന്റെ സൂചനയായാണ് കരാറിനെ വിലയിരുത്തുന്നത്. ആളില്ലാ, സ്വയം നിയന്ത്രിത പ്രതിരോധ സംവിധാനങ്ങളിൽ കൂടുതൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള ചട്ടക്കൂടാണ് ധാരണാപത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് പവറസ് വ്യക്തമാക്കി. ഭാവിയിലെ പദ്ധതികൾ അന്തിമ കരാറുകൾക്കും യുഎസ് നിയമങ്ങളും സർക്കാർ അനുമതികളും ഉൾപ്പെടെയുള്ള നടപടികൾക്കും വിധേയമായിരിക്കും.

പവറസ് വിവിധ സൈനിക, വ്യാവസായിക ആവശ്യങ്ങൾക്കായി ആകാശ-സമുദ്ര ഡ്രോൺ സംവിധാനങ്ങൾ വികസിപ്പിക്കുന്ന യുഎസ് കമ്പനിയാണ്. കമ്പനി ഓഹരി വിപണിയിൽ ലയനത്തിലൂടെ പ്രവേശിക്കാനുള്ള നീക്കത്തിലുമാണ്. ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും നിക്ഷേപം നടത്തിയിരിക്കുന്ന അമേരിക്കൻ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട കമ്പനിയായ ഓറിയസ് ഗ്രീൻവേ ഹോൾഡിങ്സുമായുള്ള ലയനത്തിനാണ് പവറസ് ഒരുങ്ങുന്നത്.

പാകിസ്ഥാൻ ഡ്രോൺ സാങ്കേതികവിദ്യയിൽ വിദേശ സഹകരണം വിപുലീകരിക്കുന്നതിനുള്ള നീക്കമായാണ് കരാർ ശ്രദ്ധ നേടുന്നത്. പ്രാദേശിക സുരക്ഷാ സാഹചര്യവും പാകിസ്ഥാന്റെ പ്രതിരോധ മേഖലയിൽ യുഎസ് ബന്ധം വീണ്ടും ശക്തമാകുന്നതും കണക്കിലെടുത്ത് കരാറിന്റെ തുടർവികസനം നിരീക്ഷിക്കപ്പെടുകയാണ്.

മറുപടി രേഖപ്പെടുത്തുക