സ്കൂൾ കായികമേള: കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന മന്ത്രിയുടെ വാദം തെറ്റ്; നിർണായക രേഖകൾ പുറത്ത്

സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രി ഒ.ജെ. ജനീഷിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്കൂൾ കായികമേളയുടെ മുഖ്യ സംഘാടകർ വിദ്യാഭ്യാസ വകുപ്പാണെങ്കിലും മേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് സുപ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖകൾ.

2026-27 വാർഷിക പദ്ധതിയിൽ സ്കൂൾ കായികമേള ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കായിക വകുപ്പ് 12 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. മേളയുടെ നടത്തിപ്പിനായി കായിക വകുപ്പിന് കീഴിലുള്ള സ്റ്റേഡിയങ്ങളും വിവിധ കായിക ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. മത്സരങ്ങൾക്ക് ആവശ്യമായ മാറ്റുകൾ, ഹർഡിൽസ്, ഫോട്ടോ ഫിനിഷ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും കായിക വകുപ്പ് നൽകുന്നുണ്ടെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്.

കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സംഘടനകളും സ്കൂൾ കായികമേളയ്ക്ക് സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിന് പുറമെ മേളയുടെ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളും സഹകരിക്കുന്നുണ്ട്. ഗതാഗതം, ആഭ്യന്തരം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾക്കും സംഘാടനത്തിൽ വിവിധ ചുമതലകളുണ്ട്.

കഴിഞ്ഞ ദിവസം അപകടം സംഭവിച്ച തൃശൂരിലെ മത്സരവേദിയായ അക്വാറ്റിക് കോംപ്ലക്സും സ്പോർട്സ് കൗൺസിലിന് കീഴിലുള്ളതാണ്. ഇതോടെ 26,000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ വീഴ്ചകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കായിക വകുപ്പിന് പൂർണമായി ഒഴിഞ്ഞുമാറാനാകില്ലെന്ന വാദവും ശക്തമാകുകയാണ്.

വിദ്യാഭ്യാസ വകുപ്പാണ് മേളയുടെ മുഖ്യ സംഘാടകരെന്നത് നിലനിൽക്കുമ്പോഴും കായിക വകുപ്പിന്റെ സാമ്പത്തികവും സാങ്കേതികവുമായ ഇടപെടലുകൾ നിർണായകമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതിനാൽ മേളയുടെ നടത്തിപ്പിൽ കായിക വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന മന്ത്രിയുടെ നിലപാട് ചോദ്യചിഹ്നമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക