തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്. ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് ഹാജർ രജിസ്റ്റർ അംഗങ്ങൾക്ക് മുന്നിലെത്തിക്കുന്നതെന്നും യോഗം അവസാനിക്കുന്നതിന് മുമ്പ് അത് തിരികെ കൊണ്ടുപോകുമെന്നും ആശാനാഥ് പറഞ്ഞു. ഒപ്പിടൽ പൂർത്തിയായാൽ ഹാജർ പുസ്തകം ക്ലോസ് ചെയ്യുന്നതാണ് പതിവ് നടപടിക്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
ആർ. സുഗതൻ പങ്കെടുത്ത കൗൺസിൽ യോഗങ്ങളിൽ അദ്ദേഹം തന്നെ ഹാജർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ അവകാശപ്പെട്ടു. അതേസമയം, കൗൺസിൽ ഹാളിലെ സിസിടിവി സംവിധാനം നിലവിൽ പ്രവർത്തനക്ഷമമാണോയെന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ കസ്റ്റോഡിയൻ മേയറും കോർപ്പറേഷൻ സെക്രട്ടറിയുമാണെന്നും വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ പൊലീസുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും ആശാനാഥ് വ്യക്തമാക്കി.
ആർ. സുഗതൻ ജയിലിൽ കഴിയുന്നതിനിടെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡെപ്യൂട്ടി മേയറുടെ വിശദീകരണം.
