തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. മാസ് ആക്ഷനും സ്റ്റൈലിഷ് അവതരണവും നിറഞ്ഞ ട്രെയിലർ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി.
ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും സംബന്ധിച്ച ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. ആദ്യ ഭാഗത്തേക്കാൾ ശക്തമായ വേഷത്തിലായിരിക്കും മോഹൻലാൽ എത്തുകയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ട്രെയിലറിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ബ്ലാക്ക് ഹ്യൂമർ ശൈലിയിലുള്ള അവതരണവും സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മിക്കുന്നത്. കേരള, കർണാടക വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ കേരളത്തിൽ ചിത്രം വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളികൾ.
ഫിലിപ്പീൻസിലെ വിതരണാവകാശവും ഇതിനകം വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
