നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) നീങ്ങുന്നതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയുമായി കൂടിക്കാഴ്ച നടത്താൻ ശ്വേത അനുമതി തേടിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്തുവരുന്നത്.
ടിവികെയുടെ കേരള ഘടകം കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ മുഖേന വിജയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നത്. അടുത്ത ആഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ശ്വേതാ മേനോൻ, പങ്കാളി ശ്രീവത്സൻ മേനോൻ, ശ്വേതയുടെ അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് വിജയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സതീഷ് കത്തിലൂടെ അനുമതി തേടിയത്.
അതേസമയം, ശ്വേതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ് അനുമതി നൽകിയിട്ടുണ്ടെന്ന് അഭിഭാഷകൻ ഫിറോസ് ദേശികൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ശ്വേതാ മേനോൻ ടിവികെയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
