നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വിദേശ സന്ദർശനത്തിലും സുഹൃത്തും നടനുമായ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിലും തെറ്റില്ലെന്ന് നടൻ പ്രകാശ് രാജ്. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തി 120 ദിവസം മാത്രമായ സർക്കാരിന്റെ പ്രവർത്തനം ഇത്രയും പെട്ടെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. സർക്കാരിന് ചുരുങ്ങിയത് ഒരു വർഷത്തെ സമയം നൽകണം. വിജയ്‌യെ പിന്തുണച്ച് വോട്ട് ചെയ്തവർക്കു മാത്രമല്ല, വോട്ട് ചെയ്യാത്തവർക്കും കൂടിയുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിന് ശേഷവും സർക്കാർ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് തോന്നിയാൽ താൻ തന്നെ അതിനെ ചോദ്യം ചെയ്യുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
വിജയ്‌യുടെ വിദേശ യാത്രയുടെ ഉദ്ദേശ്യം നിറവേറ്റപ്പെട്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശ സന്ദർശനത്തിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ കൊണ്ടുവന്നതായി വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. യാത്രയ്ക്കിടെ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയതിലും തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
