രാമക്ഷേത്രത്തിലെ സംഭാവനകൾക്ക് കാവലില്ലായിരുന്നോ? 105 മോഷണങ്ങൾ സ്ഥിരീകരിച്ച് അന്വേഷണ സംഘം

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ മോഷ്ടിച്ചെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ 105 തവണ സംഭാവനകൾ മോഷ്ടിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തിങ്കളാഴ്ച എസ്‌ഐടി സുപ്രീം കോടതിയിൽ സമർപ്പിച്ചു.

എസ്‌ഐടി റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ചാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭാവനകൾക്ക് സാധാരണയായി സോഫ്റ്റ്‌വെയർ വഴി രസീത് നൽകുകയും ലഭിക്കുന്ന പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.

എന്നാൽ ഈ നടപടിക്രമങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് എസ്‌ഐടി റിപ്പോർട്ടിലെ വിവരം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

കേസിൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണസംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചമ്പത് റോയിയും അനിൽ മിശ്രയും രാജിവച്ചതിനു പിന്നാലെ ക്ഷേത്രഭരണത്തിനായി സിഇഒയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം രൂപീകരിച്ചു. വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ പുതിയ സിഇഒയായി നിയമിക്കുകയും ചെയ്തു.

അതേസമയം, എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകാനുള്ള ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്.

മറുപടി രേഖപ്പെടുത്തുക