ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധം; രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കിയത്. പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇരുവരെയും മാറ്റുകയായിരുന്നു.

‘എന്തുവന്നാലും പിന്നോട്ടില്ല’ എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് ഭരണഘടന ഉയർത്തിപ്പിടിച്ച് റോഡിൽ കിടന്നാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചത്. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് അവരെ പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കി.

പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് അതിക്രമം ഉണ്ടായതായി ആരോപണമുണ്ട്. ട്വന്റിഫോർ റിപ്പോർട്ടർ ശ്രീനാഥിനെതിരെയും പൊലീസ് ബലം പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന്റെ ഫോൺ പൊലീസ് ബലംപ്രയോഗിച്ച് വാങ്ങി വലിച്ചെറിഞ്ഞതായും ആരോപണമുയർന്നു.

പ്രതിഷേധിച്ച എ.എ. റഹീം എംപിക്ക് നേരെയും മർദിക്കാൻ ശ്രമമുണ്ടായതായി ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് ജന്തർ മന്തറിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തിയിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമരം തുടരുന്നത്.

മറുപടി രേഖപ്പെടുത്തുക