കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലായതാണ് എയിംസ് ലഭിക്കാതിരിക്കാനുള്ള കാരണമെന്ന രീതിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ കേരളത്തിലെ എല്ലാ എംപിമാരും എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെയും കേരളത്തിന് എയിംസ് ഉറപ്പായും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
എന്നാൽ, കേരളം ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നതിനാൽ നിലവിൽ എയിംസ് അനുവദിക്കാനാകില്ലെന്നും മറ്റ് സ്ഥലങ്ങളിൽ അനുവദിച്ചശേഷം കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നുമാണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എയിംസ് ഒരു പുരസ്കാരമല്ലെന്നും ജനങ്ങളുടെ ആരോഗ്യാവകാശവുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് ഇനിയും മാറ്റിവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“ആരോഗ്യരംഗത്ത് മുൻപന്തിയിലായതാണ് കേരളം ചെയ്ത തെറ്റെന്ന രീതിയിലാണ് ഇന്നത്തെ ഹൈക്കോടതി പരാമർശം. ഒരുകാരണവശാലും കേരളത്തിന് എയിംസ് നൽകേണ്ടതില്ലെന്ന വാശി കേന്ദ്രസർക്കാരിനുണ്ടോ എന്നതാണ് സംശയം,” മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി ഉന്നയിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് കേന്ദ്രസർക്കാർ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിനായി ശക്തമായ സമ്മർദവുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സുരേഷ് ഗോപിയെയും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സഹമന്ത്രിക്കൊന്നും ഡല്‍ഹിയില്‍ ഒരു വിലയുമില്ല. അതൊക്കെ അവിടെ തേരാപാര നടക്കുന്നതാണ്. ഇത്രയും ഗൗരവതരമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തിട്ട് എന്തുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇതിന് തയാറാവാത്തത്. അത് രാഷ്ട്രീയ വൈരാഗ്യമാണ്. ശരിയായ നടപടിയല്ല – അദ്ദേഹം പറഞ്ഞു.
