എട്ടുവർഷങ്ങൾക്കിപ്പുറം റാമും ജാനുവും വീണ്ടും തീയേറ്ററുകളിലേക്ക്; ഒക്ടോബർ 9ന് ‘96’ റീ-റിലീസ്

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം ‘96’ എട്ടുവർഷങ്ങൾക്കിപ്പുറം വീണ്ടും തീയേറ്ററുകളിലേക്ക്. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 9ന് റീ-റിലീസ് ചെയ്യുമ്പോൾ, പ്രേക്ഷകർക്ക് റാമിന്റെയും ജാനുവിന്റെയും പ്രണയലോകത്തേക്ക് ഒരിക്കൽക്കൂടി മടങ്ങിപ്പോകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 2018ൽ പുറത്തിറങ്ങിയ ചിത്രം പ്രണയവും വിരഹവും ഗൃഹാതുരത്വവും ഇഴചേർന്ന അവതരണത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സ്കൂൾ കാലത്ത് പ്രണയിച്ച റാമും ജാനുവും 22 വർഷങ്ങൾക്കുശേഷം ഒരു സ്കൂൾ റീയൂണിയനിൽ വീണ്ടും കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജീവിതത്തിന്റെ വഴികളിൽ വേർപിരിഞ്ഞുപോയ ഇരുവരും പഴയ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ, പറയാതെ പോയ വികാരങ്ങളും നഷ്ടപ്പെട്ടുപോയ അവസരങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നു. ‘നമ്മൾ ഒന്നായിരുന്നെങ്കിൽ ജീവിതം എങ്ങനെയാകുമായിരുന്നു’ എന്ന ചോദ്യവും സിനിമയുടെ വൈകാരികതയ്ക്ക് ആഴം കൂട്ടുന്നു.

ചിത്രം പുറത്തിറങ്ങി എട്ടുവർഷം പിന്നിടുമ്പോൾ, ആദ്യമായി സിനിമ കണ്ടവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ റാമിന്റെയും ജാനുവിന്റെയും കഥയ്ക്ക് വീണ്ടും പുതിയ വൈകാരിക അർഥങ്ങൾ കൈവരിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും ‘ലൈഫ് ഓഫ് റാം’ ഉൾപ്പെടെയുള്ള ഗാനങ്ങളും ചിത്രത്തിന്റെ ഓർമകളെ വീണ്ടും സജീവമാക്കും.

2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിനിടെ ഒറ്റപ്പെട്ടുപോയ സമയത്താണ് സംവിധായകൻ സി. പ്രേം കുമാർ ചിത്രത്തിന്റെ ആദ്യ തിരക്കഥ തയ്യാറാക്കിയത്. സ്കൂൾ റീയൂണിയനിൽ പങ്കെടുക്കാൻ കഴിയാതിരുന്നതും പിന്നീട് സഹപാഠികളിൽനിന്ന് ലഭിച്ച വീഡിയോകളും സംഭാഷണങ്ങളുമാണ് റാമിന്റെയും ജാനുവിന്റെയും കഥയ്ക്ക് പ്രചോദനമായത്. ഭൂതകാലത്തിലേക്ക് മടങ്ങാനാകില്ലെങ്കിലും ഓർമകളിലൂടെ ആ കാലത്തെ വീണ്ടും അനുഭവിക്കാമെന്ന വികാരമാണ് ‘96’നെ പ്രേക്ഷകരുടെ മനസ്സിൽ വേറിട്ടുനിർത്തുന്നത്.

മറുപടി രേഖപ്പെടുത്തുക