കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്കൂൾ കാലത്തെ രസകരവും വൈകാരികവുമായ ഓർമ്മകൾ പങ്കുവെച്ചു. 1977ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ സ്കൂൾ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും ഇരുവരും വെളിപ്പെടുത്തി.
സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ പ്രകാശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോ സംഭാഷണത്തിലാണ് ഇരുവരും അമ്മയ്ക്കൊപ്പം പഴയ ഓർമ്മകൾ പങ്കിട്ടത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്കൂളിൽവെച്ച് നേരിട്ട അനുഭവമാണ് പ്രിയങ്ക പങ്കുവെച്ചത്. ആ സമയത്ത് ഒരു ആൺകുട്ടി സ്കൂളിൽ തന്റെ അടുത്തേക്ക് വന്ന് “തേരാ ചാച്ചാ ജയിൽ മേം ഹേ, ചോർ ഹേ തേരാ ചാച്ചാ” (നിങ്ങളുടെ മുത്തച്ഛൻ ജയിലിലാണ്.. നിങ്ങളുടെ മുത്തച്ഛൻ ഒരു കള്ളനാണ്) എന്ന് പറഞ്ഞുകൊണ്ട് സഞ്ജയ് ഗാന്ധിയെ അധിക്ഷേപിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു. അത് കേട്ടപ്പോൾ ദേഷ്യത്തോടെ ആൺകുട്ടിയുടെ കവിൾ അടിച്ചതായി അവൾ പറഞ്ഞു. പരിക്കേറ്റ ആ കുട്ടി കരഞ്ഞുവെന്നും ടീച്ചറോട് പരാതിപ്പെട്ടെന്നും ഒടുവിൽ തന്നെ ശകാരിച്ചെന്നും അവൾ ചിരിച്ചുകൊണ്ട് ഓർത്തു.
അന്നത്തെ രാഷ്ട്രീയ സാഹചര്യം സ്കൂൾ ജീവിതത്തെയും ബാധിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ക്ലാസിൽ തന്റെ അടുത്തിരിക്കാൻ പോലും കുട്ടികൾ തയ്യാറായിരുന്നില്ല. ഏഴാം പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കളെ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്കൂൾ കാലത്തെ സ്വഭാവവ്യത്യാസങ്ങളും ഇരുവരും പങ്കുവെച്ചു. സ്കൂൾ നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്ന അച്ചടക്കമുള്ള വിദ്യാർഥിയായിരുന്നു താനെന്നും പ്രിഫെക്ടായും പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, അധ്യാപകരോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുകയും ക്ലാസിൽ കുസൃതികൾ കാണിക്കുകയും ചെയ്തിരുന്ന വിദ്യാർഥിയായിരുന്നു താനെന്ന് രാഹുൽ ഗാന്ധിയും തമാശയായി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ, സഞ്ജയ് ഗാന്ധിയുടെ പങ്ക്, ഇന്ദിരാഗാന്ധിയുടെ അനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങളും സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം രാഹുലിന്റെയും പ്രിയങ്കയുടെയും ബാല്യകാല ഓർമ്മകളും ഉൾക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
