മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവ്; പത്ത് കിലോയോളം ശരീരഭാരം കുറച്ചതായി അനു സിത്താര

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തുകയാണ് നടി അനു സിത്താര. ഇടവേളയിൽ ലഭിച്ച സിനിമാ അവസരങ്ങൾ സ്വീകരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നേരത്തെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആവർത്തനമായി തോന്നിയതിനാലാണ് പുതിയ സിനിമകൾ ചെയ്യാതിരുന്നതെന്ന് അനു സിത്താര പറഞ്ഞു.

സിനിമയിൽ നിന്ന് മാറിനിന്ന കാലത്ത് ഡാൻസ് സ്കൂളിന്റെയും ഡാൻസ് പരിപാടികളുടെയും തിരക്കിലായിരുന്നുവെന്നും നടി വ്യക്തമാക്കി. മൂന്ന് വർഷം കഴിഞ്ഞതോടെ സിനിമാലോകം തന്നെ മറന്നിട്ടുണ്ടാകുമെന്നും ഇനി അവസരങ്ങൾ ലഭിക്കില്ലെന്നും കരുതിയിരിക്കുമ്പോഴാണ് ‘ഹെയ്ൽ മേരി’യിലേക്ക് ക്ഷണം ലഭിച്ചതെന്ന് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ചിത്രത്തിൽ ആനി എന്ന അധ്യാപികയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. സിനിമയിലുടനീളം കഥാപാത്രത്തിന് പ്രാധാന്യമില്ലെങ്കിലും കഥയിൽ നിർണായകമായ സ്ഥാനമുണ്ടെന്നും താരം വ്യക്തമാക്കി.

ചിത്രത്തിലെ കഥാപാത്രത്തിനായി പത്ത് കിലോയോളം ശരീരഭാരം കുറച്ചതായും അനു സിത്താര വെളിപ്പെടുത്തി. നൃത്തപരിശീലനത്തിലൂടെയല്ല, കൃത്യമായ ഭക്ഷണക്രമവും കഠിനമായ പരിശ്രമവും കൊണ്ടാണ് ഭാരം കുറച്ചതെന്നും താരം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക