പ്രണയബന്ധത്തിനിടെ നേരിട്ട മാനസിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ഒരു പുരുഷനുമായുള്ള രണ്ട് വർഷത്തെ ബന്ധത്തിനിടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നെന്നും അത് തന്റെ വ്യക്തിജീവിതത്തെയും സിനിമാ കരിയറിനെയും സാരമായി ബാധിച്ചെന്നും താരം വെളിപ്പെടുത്തി. പുതിയ ചിത്രമായ ക്രേസി കല്യാണം പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലാണ് അനുപമയുടെ വെളിപ്പെടുത്തൽ.
ആ കാലഘട്ടം ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് അനുപമ പറഞ്ഞു. കണ്ണാടിയിൽ നോക്കുമ്പോൾ പോലും സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും ഓരോ ദിവസവും അടുത്തതായി എന്ത് സംഭവിക്കുമെന്ന ഭയത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും താരം ഓർത്തെടുത്തു. അഭിനയരംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നെങ്കിലും ബുദ്ധിമുട്ടുകൾക്കിടയിലും സിനിമകളുടെ ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നുവെന്നും അവർ വ്യക്തമാക്കി.
ബന്ധത്തിലുണ്ടായ മാനസിക സമ്മർദം അഭിനയത്തെയും പ്രതികൂലമായി ബാധിച്ചു. ആ രണ്ട് വർഷത്തിനിടെ അഭിനയിച്ച സിനിമകളിൽ തനിക്ക് പ്രതീക്ഷിച്ച നിലവാരത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെന്ന തോന്നൽ ഇപ്പോഴുമുണ്ടെന്ന് അനുപമ പറഞ്ഞു. പാനിക് അറ്റാക്കുകൾ, ശരീരഭാരം കുറയൽ, കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ആ കാലയളവിൽ നേരിടേണ്ടിവന്നതായി താരം വെളിപ്പെടുത്തി.
ബന്ധത്തിന്റെ തുടക്കത്തിൽ സ്നേഹം പ്രകടിപ്പിക്കുകയും പിന്നീട് മോശമായി പെരുമാറുകയും അതിനുശേഷം വീണ്ടും ക്ഷമ ചോദിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അനുപമ പറഞ്ഞു. എന്നാൽ, മുൻ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല.
കയ്പേറിയ അനുഭവങ്ങളിൽനിന്ന് കരകയറി ജീവിതത്തിലും കരിയറിലും മുന്നോട്ടുപോകാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അനുപമ വ്യക്തമാക്കി.
