ജനാധിപത്യം സംരക്ഷിക്കണം; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവും സംബന്ധിച്ച ആരോപണങ്ങളുമായി ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാത്രി എട്ടിന് നടന്ന കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വോട്ട് ചോരി ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കാനും വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും രാഷ്ട്രപതി അറിയിച്ചതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ രാഷ്ട്രപതി അവ നിഷേധിക്കാൻ തയ്യാറായില്ലെന്നും രാഹുൽ പ്രതികരിച്ചു. രാഷ്ട്രപതിയുടെ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, എം.എ. ബേബി, ഡി. രാജ, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വോട്ടർ പട്ടിക പുതുക്കലിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തള്ളിയിരുന്നു.

അതേസമയം, വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം നടക്കാനിരിക്കെ ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക