വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് ചോരി’ ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി. കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രപതിക്ക് നന്ദി അറിയിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യത്ത് പേപ്പർ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് ഇന്ത്യാ സഖ്യം ആവശ്യപ്പെട്ടതായും വ്യക്തമാക്കി.
‘വോട്ട് ചോരി’ ആരോപണങ്ങൾ രാഷ്ട്രപതിയെ അറിയിച്ചപ്പോൾ തെളിവുകളുണ്ടോയെന്ന് അവർ ചോദിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണങ്ങൾ തള്ളിക്കളയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ തെളിവുകൾ സമർപ്പിക്കാമെന്ന് അറിയിച്ചപ്പോൾ വിഷയം പരിശോധിക്കാമെന്ന ഉറപ്പാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ആരോപണങ്ങൾ തള്ളിയില്ലെന്നും അവരുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്ത് വോട്ട് ചോരി നടക്കുന്നുവെന്ന കാര്യം ജനങ്ങൾക്കറിയാമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും തിങ്കളാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
