ഒമാൻ തീരത്ത് ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒമാൻ തീരത്ത് സോഹാർ നങ്കൂരത്തിന് സമീപം പെട്രോൾ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വൻ പതാക വഹിച്ച എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിലെ 11 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ പ്രാദേശിക അധികൃതർ രക്ഷപ്പെടുത്തി. കാണാതായവർക്കായി തീരസംരക്ഷണ സേന തിരച്ചിൽ തുടരുകയാണ്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സംഭവം സ്ഥിരീകരിച്ചു. ഒമാനി അധികൃതരുമായി ഏകോപനം തുടരുകയാണെന്നും മസ്കറ്റിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഒമാനു സമീപം ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബർ 6ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച എംടി ഓൺ പീസ് എന്ന ടാങ്കറിനും സമാനമായ ആക്രമണമുണ്ടായിരുന്നു. കപ്പലിലെ 19 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരായിരുന്നു. ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റിരുന്നു. മേഖലയിൽ ആവർത്തിക്കുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക