ബിജെപിക്ക് പിന്തുണ; ഡിഎംകെയുടേത് രാഷ്ട്രീയ മണ്ടത്തരം; രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

മണ്ഡല പുനർനിർണ ഭേദഗതി ബില്ലിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും ഡിഎംകെ ബിജെപിയെ പിന്തുണച്ചിട്ടില്ലെന്നും ഇരുപാർട്ടികളുടെയും പ്രത്യയശാസ്ത്രങ്ങൾ പരസ്പരം യോജിച്ചുപോകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

രാജ്യത്തിന്റെ ഭാവി തന്നെ നിർണയിക്കുന്ന വിഷയമാണിത്. തമിഴ്നാട്ടിലെ ജനങ്ങൾ ഡിഎംകെയുടെ ഈ നീക്കം അംഗീകരിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപിക്ക് യാതൊരു സ്വാധീനവും ചെലുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദ്രാവിഡ രാഷ്ട്രീയ പാർട്ടിക്ക് ബിജെപിക്കൊപ്പം നിൽക്കാനാകില്ല. ഡിഎംകെ സ്വീകരിച്ച നിലപാട് വിഡ്ഢിത്തമാണ്. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പാർട്ടി നേരിടേണ്ടിവരും. ബിജെപിയെ പിന്തുണച്ചതിലൂടെ ഡിഎംകെ വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ബില്ലിനെ പിന്തുണയ്ക്കാനുള്ള നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാർട്ടി അംഗീകരിച്ചിട്ടുണ്ട്. തുടക്കം മുതൽ ബില്ലിനെ എതിർത്തിരുന്ന ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നിലപാട് മാറ്റിയതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ബില്ലിലെ രണ്ട് പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടതിനെ തുടർന്നാണ് പിന്തുണയ്ക്കാനുള്ള തീരുമാനമെന്നാണ് സ്റ്റാലിന്റെ വിശദീകരണം. പാർട്ടിയുടെ നിലപാടിനെ അനുകൂലിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഡിഎംകെയ്ക്ക് ലോക്‌സഭയിൽ 22 അംഗങ്ങളാണുള്ളത്. ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായ സാഹചര്യത്തിൽ പാർട്ടിയുടെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഡിഎംകെ എംപിമാരുടെ നിലപാട് രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടും.

ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക