യുഎസ് സേനയെ ആക്രമിക്കുന്നതിനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഇറാൻ സൈന്യം എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിച്ചതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷത്തിന്റെ ആദ്യഘട്ടത്തിലാണ് ഇറാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
വിശ്വസനീയമായ സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സൈനിക കമാൻഡ് ആൻഡ് കൺട്രോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഡ്രോൺ ആക്രമണങ്ങൾ നിരീക്ഷിക്കാനുമാണ് ഇറാൻ സൈന്യം സ്റ്റാർലിങ്ക് ഉപയോഗിച്ചത്. ഈ വർഷം ആദ്യം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് നൽകിയ രഹസ്യാന്വേഷണ വിവരങ്ങളിലും ഇറാന്റെ സ്റ്റാർലിങ്ക് ഉപയോഗം പരാമർശിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അനുമതിയില്ലാത്ത ഈ ഉപയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സ്പേസ് എക്സ് സിഇഒ എലോൺ മസ്ക് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, യുഎസ് സൈന്യം സ്റ്റാർലിങ്കിന്റെ സൈനിക പതിപ്പായ ‘സ്റ്റാർഷീൽഡ്’ ഉപയോഗിക്കുന്നുണ്ടെന്നും കുറഞ്ഞ ചെലവിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മസ്കിന് വിവരം ലഭിച്ചതായും റിപ്പോർട്ടിലുണ്ട്.
ഇറാനിൽ പ്രവർത്തിക്കുന്നതിന് സ്റ്റാർലിങ്കിന് ഔദ്യോഗിക അനുമതിയില്ല. എന്നാൽ, രാജ്യത്ത് സ്റ്റാർലിങ്ക് സേവനം സജീവമാണെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരണം തേടി സ്പേസ് എക്സിനെയും ഇറാൻ വിദേശകാര്യ മന്ത്രാലയത്തെയും ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. ഈ വാർത്തയെക്കുറിച്ച് അറിവില്ലെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.
