തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുന്ന രീതി മാറ്റി എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവത്കരണവും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സീബ എസ്. ബാലകൃഷ്ണൻ, കൗൺസിലർമാരായ ആരോമൽ കെ.ജി., ദിനേഷ് കുമാർ, അനിത, ഡി.പി.എം. ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ.ജി. തുടങ്ങിയവർ പങ്കെടുത്തു.
