മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടിയുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ പോലീസിന് 24 മണിക്കൂർ സമയം നൽകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും അത് തുടർന്നും വിനിയോഗിക്കുമെന്നും പാർട്ടി സഹകൺവീനർ സൗരവ് ദാസ് വ്യക്തമാക്കി.
പ്രതിഷേധം നടത്തേണ്ട തീയതിയും സമയവും നിർദേശിക്കാനുള്ള അധികാരം ഡൽഹി പോലീസിന് വിട്ടുനൽകിയിട്ടുണ്ടെന്നും എന്നാൽ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നും സൗരവ് ദാസ് പറഞ്ഞു. പോലീസുമായി ചർച്ച നടത്തിയശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിനുള്ള തീയതി ആവശ്യപ്പെട്ട് ഡൽഹി പോലീസിനെ സമീപിക്കുമെന്ന് സിജെപി സഹകൺവീനർ അശുതോഷ് റാങ്കയും അറിയിച്ചു. പോലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും 24 മണിക്കൂറിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ സർക്കാർ തങ്ങൾക്കെതിരായ പ്രക്ഷോഭമാക്കി മാറ്റുകയാണെന്ന് സിജെപി നേരത്തെ ആരോപിച്ചിരുന്നു. മുൻകരുതൽ തടങ്കലിൽനിന്ന് വിട്ടയച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്തുടനീളം നിരവധി സമാധാനപരമായ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി റാങ്ക ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരായ പോരാട്ടമാക്കി മാറ്റിയെന്നാണ് സിജെപിയുടെ ആരോപണം. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം നടത്താനുള്ള അനുമതിയുടെ കാര്യത്തിൽ ഡൽഹി പോലീസിന്റെ തീരുമാനം കാത്തിരിക്കുകയാണ് പാർട്ടി.
