സയ്യിദ് മോദി ബാഡ്മിന്റൺ: ഇന്ത്യൻ താരങ്ങൾ തമ്മിൽ പോരാട്ടം; ഉന്നതിയെ വീഴ്ത്തി ഫൈനലിൽ തൻവി ശർമ

സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിൽ ഉന്നതി ഹൂഡയെ പരാജയപ്പെടുത്തി തൻവി ശർമ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ 11-21, 21-10, 21-13 എന്ന സ്കോറിനായിരുന്നു തൻവിയുടെ വിജയം. 51 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് തൻവി ശക്തമായി തിരിച്ചെത്തിയത്.

ലഖ്‌നൗവിലെ ബിബിഡി യുപി ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന മത്സരത്തിൽ കാണികളുടെ പിന്തുണയും ആവേശവും ഇരുതാരങ്ങൾക്കും ഒരുപോലെ ലഭിച്ചു. തൻവിക്കായി ‘കം ഓൺ തൻവി’ എന്നും ഉന്നതിക്കായി ‘കം ഓൺ ഉന്നതി’ എന്നും കാണികൾ ആർപ്പുവിളിച്ചു.

രണ്ടാം സീഡായ തൻവി തുടക്കത്തിൽ വരുത്തിയ പിഴവുകൾ മുതലെടുത്ത മൂന്നാം സീഡ് ഉന്നതി ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. കോർട്ടിൽ തൻവിയുടെ ചലനങ്ങൾ പരിമിതപ്പെട്ടത് മുതലെടുത്ത ഉന്നതി ക്രോസ് കോർട്ട് സ്മാഷുകളിലൂടെ തുടർച്ചയായി പോയിന്റുകൾ നേടി. തൻവിയുടെ പിഴവുകൾ വർധിച്ചതോടെ ഉന്നതി ഒമ്പത് പോയിന്റിന്റെ ലീഡും സ്വന്തമാക്കി. ഒടുവിൽ 21-11ന് ആദ്യ ഗെയിം ഉന്നതി നേടി.

എന്നാൽ രണ്ടാം ഗെയിമിൽ തൻവിയുടെ പ്രകടനം പൂർണമായും മാറി. കൂടുതൽ വേഗത്തിൽ കോർട്ടിൽ നീങ്ങിയ താരം ഉന്നതിയെ ഓരോ കോണിലേക്കും ഓടിച്ചു. മികച്ച സ്മാഷുകളും നെറ്റിന് സമീപമുള്ള ഷോട്ടുകളും തൻവിക്ക് മേൽക്കൈ നൽകി. മറുവശത്ത് ഉന്നതി അനാവശ്യ പിഴവുകൾ വരുത്തിയതോടെ തൻവിയുടെ ലീഡ് വർധിച്ചു. 11-4 എന്ന നിലയിൽ മുന്നിലെത്തിയ തൻവി ഒടുവിൽ 21-10ന് ഗെയിം സ്വന്തമാക്കി മത്സരം നിർണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമിലും തൻവി തന്റെ മികവ് തുടർന്നു. റാലികൾ നീട്ടിക്കൊണ്ട് ക്ഷമയോടെ കളിച്ച താരം ഉന്നതിയുടെ ആക്രമണങ്ങളെ പ്രതിരോധിച്ചു. ഉന്നതിയുടെ പല സ്മാഷുകളും നെറ്റിൽ തട്ടുകയോ കോർട്ടിന് പുറത്തേക്ക് പോവുകയോ ചെയ്തു. തൻവിയുടെ ആത്മവിശ്വാസം വർധിച്ചപ്പോൾ ഉന്നതി സമ്മർദത്തിലായി.

മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 11-6 എന്ന ലീഡോടെയാണ് തൻവി ഇടവേളയ്ക്ക് പിരിഞ്ഞത്. പിന്നീട് ഉന്നതി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും തൻവി ലീഡ് നിലനിർത്തി. ഒടുവിൽ ഉന്നതിയുടെ ലിഫ്റ്റ് ഷോട്ട് കോർട്ടിന് പുറത്തേക്ക് പോയതോടെ 21-13ന് മൂന്നാം ഗെയിമും മത്സരവും തൻവി സ്വന്തമാക്കി.

ആദ്യ ഗെയിമിൽ താൻ അൽപ്പം വേഗം കുറഞ്ഞാണ് കളിച്ചതെന്നും അതിന്റെ ഫലമായി മാനസികമായും തളർന്നുവെന്നും മത്സരശേഷം തൻവി പറഞ്ഞു. എന്നാൽ ആദ്യ ഗെയിമിന് ശേഷം തന്റെ മാനസികാവസ്ഥയിലും ശരീരഭാഷയിലും വലിയ മാറ്റമുണ്ടായതാണ് വിജയത്തിന് കാരണമെന്നും താരം വ്യക്തമാക്കി.

ഫൈനലിൽ തായ്‌ലൻഡ് താരം സുപാനിദ കതെത്തോങാണ് തൻവിയുടെ എതിരാളി. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും തൻവിക്കായിരുന്നു വിജയം.

മറുപടി രേഖപ്പെടുത്തുക