രാഹുൽ ഗാന്ധിയുടേത് ‘ഫ്രോഡ് രാഷ്ട്രീയം’ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഇത്രയും നാൾ അധികാരത്തിലിരുന്നിട്ടും വി.ഡി. സതീശൻ സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ രണ്ട് നയങ്ങളാണ് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും മുൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടല്ലോ, അങ്ങനെയെങ്കിൽ എസ്.ഐ.ആർ നടപടി അവർക്കെതിരെയും ഉണ്ടാകേണ്ടതല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാണ് ആവശ്യമെങ്കിൽ, അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെയും സുരക്ഷാ വാഹനവ്യൂഹങ്ങൾക്കു സമീപം നടന്ന പ്രതിഷേധങ്ങളും സംഭവങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.
കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധവും ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് രണ്ട് യുവാക്കൾ ബൈക്കിലെത്തിയ സംഭവവും അദ്ദേഹം പരാമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം. ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾക്കെതിരായ ഇത്തരം പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
