മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് സമരത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചെന്നും ട്രെയിൻ റദ്ദാക്കൽ, മെട്രോ നിയന്ത്രണം, ഇന്റർനെറ്റ് വിച്ഛേദിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും ബേബി ആരോപിച്ചു. ഇന്ത്യാ സഖ്യവുമായി സഹകരിച്ച് സമരം ശക്തമായി തുടരുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
