സെലെൻസ്‌കിയുമായി ചർച്ച നടത്തുന്നത് പുടിനേക്കാൾ ബുദ്ധിമുട്ട്; ഉക്രെയ്‌നിൽ മറ്റൊരു നേതാവ് വരുന്നതാണ് ജനങ്ങൾക്ക് നല്ലത്: ട്രംപ്

ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി ചർച്ച നടത്താൻ സെലെൻസ്‌കി അനുയോജ്യനായ വ്യക്തിയല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനേക്കാൾ അദ്ദേഹവുമായി ഇടപെടുന്നത് ബുദ്ധിമുട്ടാണെന്നും ട്രംപ് പറഞ്ഞു. ഉക്രെയ്‌നിൽ മറ്റൊരു നേതാവ് വരുന്നതാണ് ജനങ്ങൾക്ക് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ പുതിയ ആക്രമണങ്ങളെയും ട്രംപ് വിമർശിച്ചു. ലോകത്തിന് ഊർജം ആവശ്യമായ സമയത്ത് ഇത്തരം കേന്ദ്രങ്ങൾ ആക്രമിക്കുന്നത് തെറ്റാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോഴും സെലെൻസ്‌കി യുദ്ധം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ട്രംപ് പ്രഖ്യാപിച്ച ഇന്ധന വെടിനിർത്തൽ റഷ്യ പാലിച്ചില്ലെന്നാണ് ഉക്രെയ്‌നിന്റെ ആരോപണം. വെടിനിർത്തൽ കാലയളവിലും റഷ്യൻ സൈന്യം ഉക്രെയ്‌നിന്റെ ഊർജമേഖലയെ ലക്ഷ്യമിട്ട് ആക്രമണം തുടർന്നതിനാലാണ് തിരിച്ചടിച്ചതെന്ന് സെലെൻസ്‌കി വ്യക്തമാക്കി.

അതിനിടെ, റഷ്യയിലെ റിയാസാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായും തുടർന്ന് തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മധ്യ ഉക്രെയ്‌നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പുതിയ സംഭവവികാസങ്ങൾ സമാധാനശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക