വിമർശകരെ ദേശവിരുദ്ധരാക്കരുത്; ബിജെപിക്കെതിരെ അണ്ണാമലൈ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിച്ച സി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പോലീസ് സ്വീകരിച്ച നടപടികളെയും അണ്ണാമലൈ വിമർശിച്ചു.

പ്രതിഷേധത്തിന്റെ രീതിയോട് വിയോജിപ്പുണ്ടെങ്കിലും സമരം ചെയ്യാനുള്ള നേതാക്കളുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു.

ജൂൺ അഞ്ചിന് താൻ ബിജെപി വിട്ടതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ലെന്നും വ്യക്തമാക്കി. പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയ നടപടിയെയും വിമർശിച്ച അണ്ണാമലൈ കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

അതേസമയം, അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടതിനുശേഷം അദ്ദേഹം മുൻ നിലപാടുകളിൽനിന്ന് പിന്നോട്ടുപോകുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അറിയാമെന്നും പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും നാരായൺ തിരുപ്പതി പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക