എസ്‌ഐആർ വിരുദ്ധ പ്രതിഷേധം; പരകല പ്രഭാകറും പ്രകാശ് രാജും പങ്കെടുക്കും

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ സാമ്പത്തിക വിദഗ്ധൻ പരകല പ്രഭാകറും നടൻ പ്രകാശ് രാജും പങ്കെടുക്കും. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

‘പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ’ സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 23നാണ് പ്രതിഷേധം. ‘എല്ലാ തെരുവിലും ഒരു ജന്തർ മന്തർ’ എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി വികേന്ദ്രീകൃത സമരങ്ങൾക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്‌ഐആർ നടപടി റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

എസ്‌ഐആർ വോട്ടർ പട്ടിക പരിഷ്‌കരണം മാത്രമല്ലെന്നും ചില വിഭാഗങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുമെന്നുമാണ് പരകല പ്രഭാകറിന്റെ വിമർശനം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കർഷക നേതാവ് രാകേഷ് ടികായത്ത്, എഐഎസ്എ പ്രസിഡന്റ് നേഹ ബോറ, എഴുത്തുകാരൻ തുഷാർ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളോടും സമരത്തിന് പിന്തുണ നൽകാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക