മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രീംകോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും കോടതിയിൽ നിന്നുണ്ടായത് നിയമാനുസൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാരിന് അനാവശ്യ ധൃതിയില്ലെന്നും ഇക്കാര്യം എല്ലാവർക്കും ബോധ്യപ്പെടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെ. സുധാകരൻ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടഞ്ഞ അധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതായാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മഴ കഴിഞ്ഞാലും മരം പെയ്യും” എന്ന പ്രയോഗം പരാമർശിച്ച സണ്ണി ജോസഫ്, സർക്കാരിന് യാതൊരു വിധത്തിലുള്ള തിരക്കുമില്ലെന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും പറഞ്ഞു. തിരക്കുപിടിച്ച നീതിനിർവഹണം നീതിനിർവഹണത്തെ തന്നെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഭരണപക്ഷത്തുനിന്ന് ക്രിയാത്മക വിമർശനങ്ങൾ സ്വാഭാവികമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ലോജിക് വിഷയത്തിൽ പഠിച്ച ‘ലോ ഓഫ് കോസേഷൻ’ പരാമർശിച്ച അദ്ദേഹം, “Nothing is causeless” എന്ന തത്ത്വവും ചൂണ്ടിക്കാട്ടി. വിമർശനങ്ങൾ ഉണ്ടാകുന്നതല്ല, മറിച്ച് അവ പരസ്യപ്പെടുത്തുന്നതിനെയാണ് താൻ നിരുത്സാഹപ്പെടുത്തിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
