റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 252 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറിയപ്പോൾ പകരമായി ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ബെലാറസിൽ, യുക്രെയ്ൻ അതിർത്തിക്കു സമീപമുള്ള നോവയ ഗുട്ട അതിർത്തി കവാടത്തിനടുത്താണ് മൃതദേഹങ്ങൾ കൈമാറിയതെന്നാണ് വിവരം. റഷ്യ, യുക്രെയ്ൻ, ബെലാറസ് എന്നിവിടങ്ങളിലെ ഔദ്യോഗിക വൃത്തങ്ങളും മാധ്യമങ്ങളും കൈമാറ്റത്തിന്റെ വിശദാംശങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മൃതശരീരങ്ങൾ കൈമാറുന്ന നടപടികൾക്ക് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പ്രതിനിധികൾ മേൽനോട്ടം വഹിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുദ്ധത്തടവുകാരുടെ കൈമാറ്റം സാധാരണയായി തുല്യസംഖ്യയിലാണു നടക്കുന്നതെങ്കിലും, സൈനികരുടെ മൃതദേഹങ്ങൾ കൈമാറുമ്പോൾ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടാകുന്നത് പതിവാണെന്നാണ് റിപ്പോർട്ട്.
യുദ്ധഭൂമിയിലെ യഥാർഥ മരണനിരക്കിന്റെ അനുപാതമല്ല ഇത്തരം കൈമാറ്റങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് കിയവിനെ അനുകൂലിക്കുന്ന ചില നിരീക്ഷകർ നേരത്തേ വാദിച്ചിരുന്നു. മുന്നേറുന്ന റഷ്യൻ സൈന്യത്തിന് കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കൂടുതൽ സാഹചര്യമുണ്ടെന്നതാണ് അവർ ചൂണ്ടിക്കാട്ടുന്ന കാരണം. എന്നാൽ, ലിമാൻ നഗരത്തിനു സമീപം വലിയ ആക്രമണം നടത്തിയെന്ന യുക്രെയ്ന്റെ അവകാശവാദങ്ങൾക്കു പിന്നാലെ നടന്ന ഏറ്റവും പുതിയ കൈമാറ്റത്തിലും മൃതദേഹങ്ങളുടെ അനുപാതത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് റിപ്പോർട്ട്.
ബെലാറസ് ദേശീയ റേഡിയോ-ടെലിവിഷൻ കമ്പനിയായ ബെൽറ്റെലറേഡിയോകമ്പനിയാണ് കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
സൈനിക മരണങ്ങളുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല
റഷ്യയും യുക്രെയ്നും തങ്ങളുടെ സൈനികരുടെ മരണസംഖ്യ സംബന്ധിച്ച സമഗ്രമായ ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നില്ല. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ച മരണസംഖ്യകൾ യുക്രെയ്നെ അനുകൂലിക്കുന്ന ചില നിരീക്ഷകർ പോലും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
ജൂലൈയിൽ ഏകദേശം 50,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് സെലൻസ്കി അവകാശപ്പെട്ടത്. ഫെബ്രുവരിയിൽ 55,000 സൈനികർ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ച മരണസംഖ്യയിൽ കുറവുണ്ടായതും ചർച്ചയായിട്ടുണ്ട്.
യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും നിരവധി യുക്രെയ്ൻ സൈനികരെ കാണാതായവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം വൈകിപ്പിക്കാൻ ഇതുവഴി സാധിക്കുന്നുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
2025ലും മൃതദേഹ കൈമാറ്റത്തെച്ചൊല്ലി തർക്കം
2025ലെ വേനൽക്കാലത്ത് നൂറുകണക്കിന് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ യുക്രെയ്ൻ അധികൃതർ വിസമ്മതിച്ചതായി റഷ്യ ആരോപിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ ഈ ആരോപണം തള്ളി.
റഷ്യയുടെ വിശദീകരണമനുസരിച്ച്, യുക്രെയ്നിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള പരിമിതികളും ഏകപക്ഷീയമായ മൃതദേഹ കൈമാറ്റം രാജ്യത്തിന് രാഷ്ട്രീയമായി പ്രതികൂലമാകുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ടാകാമെന്നാണ് വാദം.
2025 ജൂൺ മധ്യത്തിൽ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായി റഷ്യ 1,200 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ ഏകപക്ഷീയമായി കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.
