കിഫ്ബിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ജഡഭാരമല്ലെന്നും രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഒരു സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചിട്ടില്ലെന്നും നിയമസഭയിൽ പ്രഖ്യാപിക്കാത്തതോ മന്ത്രിസഭ തീരുമാനിക്കാത്തതോ ആയ പദ്ധതികൾ കിഫ്ബി ഏറ്റെടുത്തിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെ തോമസ് ഐസക് രംഗത്തെത്തിയത്. ധവളപത്രത്തിലെ വാദങ്ങൾ ശരിവെക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കാനാണ് സുധാ പിള്ള കമ്മിറ്റിയെ നിയോഗിച്ചതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. മൂലധനച്ചെലവ് വർധിപ്പിക്കുന്നതിനായി കമ്മിറ്റിക്ക് വ്യക്തമായ നിർദേശങ്ങളില്ലെന്നും ഐസക് ആരോപിച്ചു.
ഭൂമി ലഭ്യമാക്കാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബിയുടെ കടബാധ്യതയെ മാത്രം മുൻനിർത്തിയുള്ള വിലയിരുത്തലുകൾ വികസനത്തിനായി നടത്തിയ നിക്ഷേപങ്ങളെ അവഗണിക്കുന്നതാണെന്നാണ് ഐസക്കിന്റെ വാദം.
