എസ്ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. അന്വേഷണകാലത്ത് സമാധാനം പാലിക്കുന്നതിനും കീഴ്ക്കോടതിയിൽ ഹാജരാകുന്നതിനുമായി 10,000 രൂപയുടെ സമാധാന ബോണ്ടും ആൾജാമ്യവും നൽകണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരായ ഹർജിയാണ് കോടതി തള്ളിയത്.
ഒക്ടോബർ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തതിനെ തുടർന്ന് കസ്റ്റഡിയിലായ നേഹയെ അടുത്ത ദിവസം വിട്ടയച്ചിരുന്നു. പിന്നാലെ ഒക്ടോബർ 18ന് സമാധാന ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ജന്തർ മന്തർ പരിസരത്തെ ആവർത്തിച്ചുള്ള പ്രതിഷേധങ്ങളും നിരോധനാജ്ഞ നിലനിൽക്കെ കൊണാട്ട് പ്ലേസിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമിച്ചെന്ന ആരോപണവുമാണ് നോട്ടീസിന് പിന്നിൽ.
താൻ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടികളോ നടത്തിയിട്ടില്ലെന്ന് നേഹയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാതെ കോടതി ഹർജി തള്ളുകയായിരുന്നു.
