സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം എന്നിവ ലക്ഷ്യമിട്ടെന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാൽ സംഭവത്തിൽ സൗദി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിഴക്കൻ മേഖലയിലെ ദമ്മാം വിമാനത്താവളം, തെക്കൻ മേഖലയിലെ നജ്റാൻ വിമാനത്താവളം എന്നിവയ്ക്കു പുറമെ ഖമീസ് മുഷൈത്ത് വ്യോമത്താവളവും ലക്ഷ്യമിട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ ഖാസിം സാരി പറഞ്ഞു. ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷനുകളും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീളുന്ന ക്രൂഡ് ഓയിൽ പൈപ്പ് ലൈനും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ, ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി സൗദി അറേബ്യ അറിയിച്ചിരുന്നു. മക്ക, ജിദ്ദ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിയുന്നവർക്ക് സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം
ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് നടപടി. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനാണ് ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹെൽപ്പ്ലൈൻ നമ്പറുകൾ: 011-23747079, 9310443880.
അതേസമയം, ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ഇടപെടുന്നുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ഒക്ടോബർ 21നാണ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്.
മേഖലയിലെ സംഘർഷത്തെ തുടർന്ന് റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള സർവീസുകൾ ഒക്ടോബർ 27 വരെ ഉണ്ടായിരിക്കില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
