ക്രിക്കറ്റും രാഷ്ട്രീയവും കൈകോർക്കുന്നു; ഇന്ത്യ–പാക് മത്സരങ്ങളിലെ മാറ്റം ചൂണ്ടിക്കാട്ടി ശശി തരൂർ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോൾ കേവലം കായികമത്സരങ്ങളല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വിഷയമായി മാറിയെന്നും കോൺഗ്രസ് എംപി ശശി തരൂർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റിൽ രാഷ്ട്രീയം എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ലിറ്റ്ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു തരൂർ.

ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നും രാഷ്ട്രീയത്തെ ക്രിക്കറ്റിൽനിന്നും വേർതിരിച്ചുനിർത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തരൂർ ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് ഇപ്പോൾ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ ബന്ധമുള്ളവർ ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ സജീവമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻകാലങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ ക്രിക്കറ്റിനെ ഒരു ഉപാധിയായി ഉപയോഗിച്ചിരുന്നുവെന്ന് തരൂർ ഓർമിപ്പിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ അപൂർവമായതിനാൽ അവ നടക്കുമ്പോഴെല്ലാം രാഷ്ട്രീയ ചർച്ചകൾ ശക്തമാകുകയും മത്സരങ്ങൾക്ക് വലിയ ദേശീയ പ്രാധാന്യം കൈവരികയും ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏഷ്യാ കപ്പ് പോലുള്ള ടൂർണമെന്റുകളിൽ പാകിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കാതിരുന്ന ഇന്ത്യൻ താരങ്ങളുടെ നടപടിയെ താൻ വിമർശിച്ചിരുന്നുവെന്നും തരൂർ പറഞ്ഞു. അത്തരമൊരു സമീപനത്തിൽ അർത്ഥമില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

1999-ലെ കാർഗിൽ യുദ്ധകാലത്തുപോലും ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിച്ചിരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. അന്ന് കോൺഗ്രസ് പാകിസ്ഥാനോട് മൃദുസമീപനം സ്വീകരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്ന കാര്യവും അദ്ദേഹം പരാമർശിച്ചു.

മറുപടി രേഖപ്പെടുത്തുക