പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം; സർക്കാരിനും പങ്കുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി സിപിഐഎം. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അറിവും പിന്തുണയുമില്ലാതെ ഗവർണർക്ക് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ പല നിലപാടുകളും ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നതാണെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിലടക്കം ഗവർണർ സ്വീകരിച്ച നിലപാടുകൾ ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുകൂലമാണെന്നും കേരളത്തിലെ യുഡിഎഫ് സർക്കാരും അത്തരം സമീപനങ്ങൾക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ അഞ്ച് മാസത്തെ ഭരണാനുഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മിഷൻ അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. ഗവർണർ പദവിയിൽനിന്ന് ഒഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശുപാർശയെന്നാണ് റിപ്പോർട്ട്.

പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ നൽകിയതെന്നാണ് വിവരം. പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെയർമാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവരെ നീക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിയെ സമീപിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതിൽ രാഷ്ട്രപതിക്കാണ് അധികാരമുള്ളത്. ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി ഭവൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

മറുപടി രേഖപ്പെടുത്തുക