ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയതിൽ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്.
അമിതവേഗത്തിൽ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണെന്നും സ്വാധീനം ഉപയോഗിച്ച് ആർക്കും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലുള്ള ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
ചിറ്റൂരിൽ തട്ടുകട നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കട അടച്ച് മടങ്ങുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗം ഭാഗികമായും തകർന്നു.
അപകടത്തിനു പിന്നാലെ പൊലീസ് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ബെൻസ് കാറിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം പൊലീസ് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ജയബാലകൃഷ്ണന്റെ സഹോദരൻ സെൽവരാജും സഹോദരിയുടെ മകളും ആരോപിച്ചു. സംഭവത്തിൽ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
