ദസറ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എത്തിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന് കണ്ണൂരിൽ വൻ ജനപ്രീതി. പ്രതിദിനം 20,000 രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശരാശരി 60,000 രൂപയിലധികം കളക്ഷൻ നേടി ബസ് ശ്രദ്ധേയമായി. ഒക്ടോബർ 12 മുതൽ 22 വരെ 11 ദിവസങ്ങളിലായി നടത്തിയ സർവീസിലൂടെ ആകെ 6,01,950 രൂപയാണ് വരുമാനമായി ലഭിച്ചത്.
ഒക്ടോബർ 21-നായിരുന്നു ഏറ്റവും ഉയർന്ന കളക്ഷൻ. അന്ന് മാത്രം 80,250 രൂപ ലഭിച്ചു. നഗരത്തിന്റെ കാഴ്ചകൾ മുകൾത്തട്ടിലിരുന്ന് ആസ്വദിക്കാനുള്ള അവസരമാണ് യാത്രക്കാരെ ഡബിൾ ഡെക്കറിലേക്ക് ആകർഷിച്ചത്. 40 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്ക് 100 രൂപ, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ.
സർവീസിനിടെ താഴ്ന്നുകിടന്ന വൈദ്യുതി ലൈനുകളും മരച്ചില്ലകളും ചില തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും സുരക്ഷിതമായ വഴികളിലൂടെ യാത്ര പൂർത്തിയാക്കാൻ സാധിച്ചു. യാത്രക്കാരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണവും ഉയർന്ന വരുമാനവും ബസിന്റെ സാധ്യതകൾ വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം സർവീസ് ആരംഭിച്ചാൽ ഡബിൾ ഡെക്കർ ബസിന് മികച്ച വരുമാനം നേടാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദസറക്കാലത്തെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ കണ്ണൂരിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുമോ എന്ന ആകാംക്ഷയിലാണ് യാത്രക്കാരും ടൂറിസം രംഗത്തുള്ളവരും.
