രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി കോടതി; എട്ട് വർഷം പഴക്കമുള്ള കേസിൽ നിർണായക വിധി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി തള്ളി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള എംപി/എംഎൽഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയിലാണ് എട്ട് വർഷം പഴക്കമുള്ള കേസിൽ കോടതി തീരുമാനമെടുത്തത്.

2018ൽ ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ പരാതി. 2005ലെ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുമായി ബന്ധപ്പെടുത്തി അമിത് ഷായെ കൊലയാളിയെന്ന് വിശേഷിപ്പിച്ചുവെന്നായിരുന്നു ആരോപണം.

2023 നവംബർ 27ന് സുൽത്താൻപൂർ കോടതി രാഹുൽ ഗാന്ധിയോട് ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ 2024 ഫെബ്രുവരി 20നാണ് അദ്ദേഹം കോടതിയിൽ ഹാജരായത്. തുടർന്ന് ജാമ്യം ലഭിച്ചു. 2024 ജൂലൈ 26ന് കേസിൽ മൊഴി നൽകിയ രാഹുൽ, തികഞ്ഞ ബോധ്യത്തോടെയാണ് അമിത് ഷായ്‌ക്കെതിരെ പരാമർശം നടത്തിയതെന്നും എന്നാൽ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

കുറ്റം തെളിഞ്ഞാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ചുമത്തിയിരുന്നത്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട 2019ലെ അപകീർത്തി കേസിൽ 2023 മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട അദ്ദേഹം തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിയുകയും ചെയ്തിരുന്നു.

മറുപടി രേഖപ്പെടുത്തുക